പ്രാദേശികം

വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുന:പ്രതഷ്ഠിച്ചു.

ഈരാറ്റുപേട്ട: പരസ്യ വണക്കത്തിനായി അരുവിത്തുറ പള്ളിയുടെ മൊണ്ടളത്തിൽ പ്രതിഷ്ഠിച്ച വല്ല്യച്ചന്റെ തിരുസ്വരൂപം  ഭക്തരുടെ സാന്നിദ്ധ്യത്തിൽ  അൾത്താരയിൽ പുനപ്രതിഷ്ഠിച്ചു. തിരുനാളിന്റെ ഭാഗമായി  പരസ്യ വണക്കത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്നു.  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടിയെത്തിയത് നൂറു കണക്കിന് നാനാജാതി മതസ്ഥരാണ്.  വികാരി വെരി . റവഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ.അബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിക്കടത്തിൽ, കോളേജ് ബസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ  പുനപ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചു.ഉച്ചകഴിഞ്ഞ് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകി.

 കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ്  മാർപ്പാപ്പായോടുള്ള ആദര സൂചകമായി വാദ്യമേളങ്ങളും നഗര പ്രദക്ഷിണവും മറ്റും ഒഴിവാക്കിയിരുന്നു.തിരുനാൾ നടത്തിപ്പിനും വിജയത്തിനായും മറ്റും സഹകരിച്ച പൊലീസ് അധികാരികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ, വ്യാപാര വ്യവസായ സമൂഹം തുടങ്ങി എല്ലാവർക്കും വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നന്ദി പറഞ്ഞു. എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.