പ്രാദേശികം

ഈരാറ്റുപേട്ടയെ കുറിച്ച് തെറ്റായ റിപ്പോർട്ട് തിരുത്തുന്നതിനെതിരെ എൽ.ഡി.എഫ് വിയോജനകുറിപ്പ് എഴുതി

ഈരാറ്റുപേട്ട: തീവ്രവാദപരമായ ബന്ധം ചേർത്ത് നാടിനെ കളങ്കപെടുത്തുന്ന നിലയിൽ കോട്ടയംജില്ലാ മുൻപൊലീസ് മേധാവി കെ. കാർത്തിക് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് പിൻവലിക്കണമെന്നാവിശ്യപെട്ട് ഈരാറ്റുപേട്ട നഗരസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ എൽ ഡി.എഫ് കൗൺസിലർമാർ വിയോജന കുറിപ്പ് രേഖപെടുത്തി. 

ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിലിൽ കൗൺസിലർ സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്ന വിഷയയവുമായി ബന്ധപെട്ട് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നും നൽകിയ തെറ്റായ റിപ്പോർട്ടാണ് പരമാർശത്തിന് കാരണമായ സംഗതി.മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം തുടങ്ങിയവ നിലനിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് മിനി സിവിൽ സ്റ്റേഷൻ വരുന്നത് ആഭ്യന്തര പ്രശ്നത്തിന് കാരണമാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ 2017 മുതൽ ഇത്തരത്തിലുള്ള കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ്

ഔദ്യോഗികമായി റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ ഹൈക്കോടതി സമീപിക്കുവാൻ നഗരസഭയെ ചുമതലപ്പെടുത്തീയിരുന്നു.

ഇത് പ്രകാരമാണ് നഗരസഭയിൽ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നത്.

ഈ പ്രമേയത്തെയാണ് ഇടത് കൗൺസിലർമാർ എതിർത്തത്. മാസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് തിരുത്തിയതാണന്നും അതിനാലാണ് സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് അനുമതി ലഭിച്ചതെന്നും സി.പി.എം പാർലമെൻററി പാർട്ടി ലീഡർ അനസ് പാറയിൽ പറഞ്ഞു. വാഗ്വാദത്തിന് ശേഷം ഔദ്യോഗികമായി ആഭ്യന്തര വകുപ്പ് പുറത്ത് വിട്ട റിപ്പോർട്ട് ഹാജരാക്കാൻ പതിനഞ്ച് ദിവസത്തെ കാലാവധി അനുവദിച്ചാണ് നഗരസഭയിൽ ചർച്ച അവസാനിപ്പിച്ചത്. പ്രസ്തുതറിപ്പോർട്ട് തിരുത്തിയത് ലഭിച്ചില്ലങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.