പ്രാദേശികം

റേഷൻ കടകളിൽ പച്ചരി കിട്ടാനില്ല

ഈരാറ്റുപേട്ട: റേഷൻ കടകളിൽ പച്ചരി കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായി. പച്ചരിക്കായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണി​പ്പോൾ. ഫുഡ് കോർപ്പറേഷനിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനമെത്തുന്നത്. ഇത്തവണ കുത്തരിയും ചാക്കരിയുമാണ് റേഷൻ കടകളിൽ കൂടുതലായി എത്തിയിരിക്കുന്നത്. പച്ചരി കുറവായതിനാൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമാണ് ഇത് ലഭിക്കുക. അതും ഒന്നും രണ്ടും കിലോ മാത്രം. പകരമായി കുത്തരിയും ചാക്കരിയുമാണ് നൽകുന്നത്. റേഷൻ കടകളിൽ പച്ചരി സ്റ്റോക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് പത്ത് കിലോ വരെ ലഭിച്ചിരുന്നു.പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപ വിലയിലാണ് പച്ചരി വിറ്റഴിക്കുന്നത്. റേഷൻ കടയിൽ 10.90 രൂപയാണ് വില. സബ്സിഡി കാർഡുകൾക്ക് നാല് രൂപയ്ക്ക് പച്ചരി ലഭിക്കും.ക്രിസ്മസിന് മുന്നോടിയായി ഈ മാസം പച്ചരി വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്.നവംബർ, ഡിസംബർ മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഓണത്തിന് ശേഷം പച്ചരി റേഷൻ കടകളിൽ നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ മുമ്പ് സുലഭമായിരുന്നു.