പ്രാദേശികം

ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരത്തേ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല.കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂര്‍ത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്.

11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക്. ക്രിസ്മസിനും ഒമ്ബത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക.

20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബര്‍ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളില്‍ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒമ്ബത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വര്‍ഷങ്ങളില്‍ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്.

രാവിലെ 10:00 മുതല്‍ 12:15 വരെയും, ഉച്ചയ്ക്ക് 1:30 മുതല്‍ 3:45 വരെയുമാകും പരീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ 2:00 മുതല്‍ 4:15 വരെ ആയിരിക്കും. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.