ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പുത്തൻപപള്ളി അങ്കണം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്. നിർബന്ധ പ്രീ മാരിറ്റൽ കോഴ്സിന്റെ ഉദ്ഘാടനം, സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 5 വീടുകളുടെ കൈമാറ്റം,
പുത്തൻപള്ളിയിലും ഹുദാ പള്ളിയിലും സ്ഥാപിച്ച സോളാർ വൈദ്യുതിയുടെ ഉദ്ഘാടനം, മഹല്ല് അംഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ കാർഡുകളുടെ ഉദ്ഘാടനം എന്നിവയാണ് പുത്തൻ പള്ളി അങ്കണത്തിൽ നടന്നത്. നോമ്പിനു ശേഷം അരംഭിക്കുന്ന നിർബന്ധ പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമെ പള്ളി വഴി ഇനി വിവാഹം സാധ്യമാകൂ.
ശാസ്ത്രീയമായി വിദഗ്ധരുടെ സഹായത്തോടെയാണ് കോഴ്സിന്റെ ഘടന തയാറാക്കിയിട്ടുള്ളത്. കുടുംബ കലഹങ്ങും നിസാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാനുള്ള തീരുമാനം. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും കോഴ്സിന്റെ ഭാഗമാണ്.
ഇക്കൊല്ലം സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും വേദിയിൽ നടന്നു. വീടു നിർമ്മിച്ച് നൽകിയവരിൽ നിന്ന് മഹല്ല് ഭാരവാഹികൾ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞകൊല്ലവും ഈ രീതിയിൽ 5 വീടുകൾ നിർമ്മിച്ചിരുന്നു.
പള്ളികളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് കറണ്ട് ചാർജിനു വേണ്ടി ഉപയോഗിക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് 10 ലക്ഷം രൂപ മുടക്കി പുത്തൻ പള്ളിയിലും ഹുദാ പള്ളിയിലും സോളാർ പാനലുകൾ ഘടിപ്പിച്ചിച്ചത്. പ്രതിമാസം 35000/- രൂപയാണ് ഇതു വഴി ലാഭിക്കാൻ കഴിയും. മഹല്ല് അംഗങ്ങൾക്ക് ഡിജിറ്റൽ കാർഡുകൾ ഏർപ്പെടുത്തിയത് ഒരു നവീന പദ്ധതിയാണ്. ക്യു.ആർ കോഡ് സഹിതമാണ് മഹല്ല് അംഗങ്ങൾക്ക് കാർഡ് ലഭിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ മഹല്ല് അംഗത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുമെന്നത് ഈ കാർഡിന്റെ പ്രത്യേകതയാണ്. ബി.എച്ച്. അലി മൌലവി, മുഹമ്മദ് നദീർ മൌലവി, ഉനൈസ് മൌലവി, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് സാലി നടുവിലേടത്ത്, അജ്മി ഗ്രൂപ്പ് എം.ഡി അബ്ദുൽഖാദർ, പ്രൊഫ. എ.എം. റഷീദ് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.