ഈരാറ്റുപേട്ട: മുസ്‌ലിംകൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളെ വർഗീയതയും തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന വംശീയ പരാമർശങ്ങൾ നടത്തുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് ഈരാറ്റുപ്പേട്ടയിലെ മുട്ടം കവലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടക്കെതിരെ ബിജെപി നേതാവ് പി.സി ജോർജടക്കമുള്ളവർ പല സന്ദർഭങ്ങളിലായി നടത്തിയ വംശീയ തീവ്രവാദ പരാമർശങ്ങൾ ഇത്തരത്തിലുള്ളതാണ്. പിന്നീട് തിരുത്തിയെങ്കിലും ഭരണകൂടത്തിൻ്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഈരാറ്റുപ്പേട്ടയെ തീവ്രവാദത്തിൻ്റെയും മതസ്പർധയുടെയും കേന്ദ്രമായി ചിത്രീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
പ്രായപൂർത്തിയാവാത്ത സ്കൂൾ കുട്ടികളുടെ ഭാഗത്ത് നിന്ന് സംഭവിച്ച ഒരു വീഴ്ച്ചയെ സംസ്ഥാനം ശ്രദ്ധിക്കുന്ന വർഗീയ വിവാദമാക്കി മാറ്റുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനവസരത്തിലെ പ്രസ്താവന വഹിച്ച പങ്കും വലുതായിരുന്നു. ലൗ ജിഹാദും ഹലാൽ ഫുഡ് വിവാദവും വർഗീയ പരാമർശങ്ങളുമെല്ലാം വിദ്വേഷ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമിട്ട് പ്രചരിപ്പിച്ച വ്യാജങ്ങളാണ്. അവയുടെ പ്രചാരകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുൻകൈയെടുക്കേണ്ട ഇടതുപക്ഷം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാവാനാണ് മത്സരിക്കുന്നതെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കേരളത്തിൽ നിലനിൽക്കുന്ന സഹിഷ്ണുതയും മതസൗഹാർദവും സാഹോദര്യവും നിലനിർത്താൻ വിദ്വേഷ പ്രചാരകരെ മാതൃകപരമായ ശിക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ഇ.എസ് ജംഗ്ഷനിൽ നിന്നും മുട്ടം കവലയിലേക്ക് സംഘടിപ്പിച്ച പദയാത്രയിൽ റസാഖ് പാലേരിയോടൊപ്പം പൂഞ്ഞാർ മണ്ഡലത്തിലെ ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു. പദയാത്രയിൽ ഉടനീളം ഈരാറ്റുപേട്ടയിലെ വ്യത്യസ്ത മേഖലയിലെ ജനങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. ഓട്ടോ തൊഴിലാളികൾ, വീൽചെയർ അസോസിയേഷൻ പ്രതിനിധി, വിദ്യാർത്ഥികൾ, സമുദായ നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡണ്ട് പി.എ അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു. തുടർന്ന് മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ. എച്ച് അധ്യക്ഷത വഹിച്ച സ്വീകരണ പൊതുസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ സ്വാഗതം പറഞ്ഞു. മണ്ഡലം - പഞ്ചായത്ത് - യൂണിറ്റ് ഭാരവാഹികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ. കെ. എം സാദിഖ്, ഈരാറ്റുപേട്ട മുൻസിപ്പൽ പ്രസിഡന്റ് വി. എ ഹസീബ് എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അഭിനന്ദാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജീവകാരുണ്യ പ്രവർത്തകൻ ഷഹീർ, ടീം നന്മക്കൂട്ടം, ടീം എമർജൻസി, ഐ ആർ ഡബ്ല്യൂ, തണൽ, കരുണ, എഫക്ട്എന്നീ കൂട്ടായ്മകളെ പദയാത്രയിൽ ആദരിച്ചു. പരിപാടിയിൽ മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഫിർദൗസ് റഷീദ് നന്ദി പറഞ്ഞു.