ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
196(1)(a), 299 BNS &120(o) KP Act വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും മത വിദ്വേഷം സൃഷ്ടിക്കുകയും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വർഗ്ഗീയ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു.
ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് വിവിധ സംഘടനകൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുന്ന തരത്തിലും വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈരാറ്റുപേട്ടയിലെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തിയിരുന്നു.
ചാനലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകുന്നതിൽ പോലീസിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.