കേരളം

ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്; കോട്ടയത്ത് ജാഗ്രത വേണമെന്ന് കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. അതിനിടെ, വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു

ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.