കോട്ടയം

സംസ്ഥാനത്ത് കാലവർഷം എത്തുന്നു: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസം ഓറഞ്ച് അലേർട്ട്.

കോട്ടയം :കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ

കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 27 ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.