പാലാ: പാലായിലെ പാതയോരത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ. വിരിച്ച വല പക്ഷേ, ആളെ കുടുക്കാനല്ല, വിൽക്കാനാണെന്ന് മാത്രം. അതിരമ്പുഴ സ്വദേശി വട്ടുകുളത്തിൽ മുഹമ്മദ് യാക്കൂബ് ആണ് വർഷങ്ങളായി ഇവിടെ വല വിൽപ്പന നടത്തുന്നത്. പാലായിലെ കുരിശുപള്ളിക്ക് സമീപമുള്ള നടപ്പാതയോട് ചേർന്നാണ് ചുവപ്പു നിറമുള്ള മനോഹരമായ വലകൾ വിരിച്ചൊരുക്കി യാക്കൂബ് കാത്തിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹത്തെ ഇവിടെ കച്ചവടം നടത്തുന്നു. മീറ്ററിന് 50 രൂപ നിരക്കിൽ പലതരം നൈലോൺ വലകൾ ഇദ്ദേഹം ഇവിടെ വിൽക്കുന്നു. ഒമ്പതര മുതൽ 6 മണി വരെയാണ് വല വില്പന.
മത്സ്യഫെഡ് ഫിഷറീസ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ഇദ്ദേഹം വല ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്. പല വലുപ്പത്തിലുള്ള മീൻപിടുത്ത വലകൾ മുതൽ കിണർ വലയും, പന്തൽ വലയും റമ്പൂട്ടാൻ പോലുള്ള ഫല വൃക്ഷങ്ങൾക്ക് സംരക്ഷണം ഏകുന്ന വലകളും ഒക്കെ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട്. അധികവും ചുവപ്പ് നിറമുള്ള വലകളാണ് ഇദ്ദേഹം വിൽക്കുന്നത്.
വവ്വാലുകളെയും പഴങ്ങൾ കൊത്തിത്തിന്നുന്ന പക്ഷികളെയും ചുവപ്പു നിറം അകറ്റുമെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിൽ. വിശാലമായ ഒരു റംബൂട്ടാൻ മരം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഏകദേശം 500 രൂപ വരെ ചെലവാകും.വല വില്പന കൊണ്ട് മാത്രം ജീവിത ചെലവുകൾ നെയ്യുന്ന മുഹമ്മദ് യാക്കൂബിന് പുഞ്ചിരി കൊണ്ട് ആളുകളെ വലയിൽ വീഴ്ത്താൻ പ്രത്യേക കഴിവാണ്. വേറിട്ട വില്പനയുടെ സാധ്യതയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.നജീറയാണ് ഭാര്യ. എൽ.എൽ.ബി വിദ്യാർഥിയായ ഫാത്തിമ, പ്ലസ് ടു വിദ്യാർഥിയായ അലീമ എന്നിവർ മക്കളാണ്. ഫോൺ : 8547492591 വാർത്ത: മനോജ് മേലുകാവ്, മേലുകാവ് ന്യൂസ്









