കോട്ടയം

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്.

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖില്‍ കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. രണ്ടര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് അഖില്‍ ആഡംബര ജീവിതം നയിച്ചു.

വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓണ്‍ലൈൻ വഴിയാണ് അഖില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു. അഖിലിന്‍റെ വാഹനങ്ങള്‍ വിജിലൻസ് കസ്റ്റഡിയില്‍ എടുക്കും. ഓണ്‍ലൈൻ വഴി അഖില്‍ വാങ്ങിയ സാധനങ്ങളുടെ പർച്ചേസ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതില്‍ അഖിലിന്‍റെ മൊഴിയില്‍ വ്യക്തത ഇല്ല. ഒളിവില്‍ കഴിയുമ്ബോള്‍ അഖില്‍ യുപിഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

ഒരു വർഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താൻ തന്നെ പൊലീസിന് കഴിഞ്ഞത്.പിടികൂടിയത് കൊല്ലത്തെ ലോഡ്ജില്‍ നിന്നും...വ്യാജ രേഖകള്‍ ഉണ്ടാക്കി പെൻഷൻ തട്ടിയെടുത്തു എന്നാണ് കൊല്ലം സ്വദേശിയായ അഖിലിനെതിരായ കേസ്. അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് അഖില്‍ ഏറ്റവും ഒടുവിലായി ജോലി ചെയ്തിരുന്നത്.നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖില്‍ സി വർഗീസ് ഒളിവില്‍ പോയി. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെടുകയായിരുന്നു.

കോട്ടയം നഗരസഭയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തില്‍ പണം അയച്ചതായി കണ്ടെത്തി. അഖിലിന്‍റെ അമ്മയാണ് അതെന്ന് വ്യക്തമായി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴി‍ഞ്ഞില്ല. ഒടുവില്‍ വിജിലൻസും അന്വേഷണം തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.