ഈരാറ്റുപേട്ട: പഠനം പൂർത്തിയാക്കി തങ്ങളുടേതായ മേഖലകളിലേക്ക് ചേക്കേറിയവർ പൂർവ കലാലയത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നത് ഹൃദ്യമായ അനുഭവമായി മാറി. ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്.
1999 മുതൽ 2020 വരെയുള്ള ബാച്ചുകളിൽ നിന്നുള്ള നൂറിൽ അധികം പേർ സംഗമത്തിൽ പങ്കാളികളായി. സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി വിവിധ മേഖലകളിൽ ജോലി നോക്കുന്നവർ അവരുടെ പഴയ കാല ഓർമ്മകൾ അയവിറക്കി. അൽ മനാർ സ്കൂളിൽ അധ്യാപന രംഗത്ത് 33 വർഷം പൂർത്തീകരിച്ച മിനി ടീച്ചറുടെ പഴയ കാല ഓർമ്മകൾ കുട്ടികൾക്ക് ഏറെ ആവേശകരമായി.
അൽ മനാർ സ്കൂളിന്റെ മുഖ്യശിൽപികളിൽ പ്രധാനിയായ കെ.പി. യൂസുഫ് സാറിനെ അലുംനി അസോസിയേഷൻ ആദരിച്ചു.അലുംനി അസോസിയേഷന് പുതിയ 15 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഇംഗ്ലണ്ട് എന്നിവടങ്ങളിലുള്ള പൂർവ വിദ്യാർത്ഥികൾക്കായി കോ-ഓർഡിനേറ്റർമാരേയും തെരെഞ്ഞെടുത്തു. ചീഫ് കോ-ഓർഡിനേറ്റർ യാസിർ പുള്ളോലിൽ, ജനറൽ കൺവീനർ മിനി ടീച്ചർ, സ്കൂൾ അക്കാഡമിക് കോ- ഓർഡിനേറ്റർ ജുഫിൻ ഹാഷിം, അൽ മനാർ മാനേജിംങ്ങ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ റസിയ ചാലക്കൽ സമാപനം നിർവഹിച്ചു.









