ഇല്ലിക്കൽ കല്ലിലെ കുടക്കല്ല് അപകടാവസ്ഥയിലാണെന്നും പരിശോധന വേണമെന്നുമുള്ള ആവശ്യത്തെ തുടർന്ന് ഇന്ന് വിദഗ്ധ സംഘം മേഖലയിലെത്തി പരിശോധന നടത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നിർദേശപ്രകാരം പാലാ ആർഡിഒ, തഹസിൽദാർ, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, ജില്ലാ ജിയോളജിസ്‌റ്റ്, എംജി യൂണിവേഴ്‌സി റ്റി വിദഗ്‌ധ സംഘം, വില്ലേജ് ഓഫീസർ, ടൂറിസം വകുപ്പ് അധികൃതർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായ ത്ത് സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരടങ്ങിയ സംഘമാണ് ഇല്ലിക്കൽ കല്ലിലെത്തിയത്. പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കാലപ്പഴക്കംമൂലം ഉണ്ടാകുന്ന വിള്ളലുകളാണെന്നും സംഘം അറിയിച്ചു.
ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് വരുംദിവസങ്ങളിൽ സമർപ്പിക്കും.നിലവിലെ വിള്ളലുകൾ വലിയ അപകട അവസ്ഥയല്ലെന്നും ഏതെങ്കിലും തരത്തിലുള്ള അപകടം വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും സംഘം വിലയിരുത്തി. പരിശോധനയ്ക്കെത്തിയ എല്ലാ വകുപ്പുകളും അവരുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും. സമീപത്തെ പാറമടയിലെ സ്ഫോടനം മൂലമുള്ള പ്രകമ്പനം അപകടാവസ്ഥ സൃഷ്ടിക്കുന്നു എന്ന ആക്ഷേപവും സംഘം ത ള്ളിക്കളഞ്ഞു.
പാറമട ഏതാണ്ട് ഒരു കിലോമീറ്റർ മാറിയാണ് പ്രവർത്തിക്കുന്നത്.പാറഖനനം മൂലം വിള്ളൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്ന് ജിയോളജിസ്റ്റ് വ്യക്തമാക്കി. നേരത്തെ ഉള്ള വിള്ളലാണ് നിലവിലുള്ളത്. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കൊണ്ട് അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ ഇത് അടർന്നു പോകേണ്ടതായിരുന്നു.ടൂറിസം തകർക്കാൻ ശ്രമം. പഞ്ചായത്ത് പ്രസിഡൻ്റ്.മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽ കല്ല് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്കും ഭരണസമിതി അംഗങ്ങളും പറഞ്ഞു. കോട്ടയം ജില്ലയുടെ പുറത്തുനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ മൂന്നിലവെന്ന കൊച്ചു ഗ്രാമത്തിലേക്ക് എത്തുന്നുണ്ട്. ആ ടൂറിസത്തെ നശിപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും മനപൂർവ്വം ഇല്ലിക്കൽ കല്ല് അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതാണോ എന്ന് സംശയിക്കുന്നതായും ചാർലി ഐസക് പറഞ്ഞു.








