കോട്ടയം: മനുഷ്യകടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യ മതേതര ഇന്ത്യക്ക് അപമാനമാണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ്. നൗഷാദ് പറഞ്ഞു.
ആരോഗ്യപരമായും വിദ്യാഭ്യസപരമായും വളരെ പിന്നോക്കാവസ്ഥയും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ദുരിതത്തിൽ കഴിയുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മനുഷ്യത്വത്തിന്റെ പേരിൽ വീടും നാടും മറന്ന് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളെ വർഗ്ഗീയതയുടെയും മത വിദ്വേഷത്തിന്റെയും അധികാര ഭ്രാന്തിന്റെയും പേരിൽ അപമാനിക്കുന്നതും ആക്ഷേപിക്കുന്നതും കള്ളകേസുകൾ സൃഷ്ടിച്ച് അറസ്റ്റു ചെയ്യുന്നതും അംഗീകരിക്കാൻ ആവില്ല.
ഇതിനെതിരെ രാജ്യവ്യാപകമായി പൊതു സമൂഹം പ്രതിഷേധം തീർക്കണമെന്നും നൗഷാദ് അഭ്യർഥിച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റ മാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നൗഷാദ് ചൂണ്ടിക്കാട്ടി. പി.ഡി.പി കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.എ. സക്കരിയാ, എം.എ. അക്ബർ, പി.കെ. അസിം, സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം എന്നിവർ പ്രസംഗിച്ചു.









