കോട്ടയം

തീക്കോയ് പഞ്ചായത്ത് മെംബറെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി പിടിയിൽ

തീക്കോയി പഞ്ചായത്ത് അംഗത്തെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവ ത്തിൽ യുവാവിനെ ഈരാറ്റുപേട്ട  പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം സ്വദേശിയായ വിവേക് കുഞ്ഞുമോൻ (38) എന്നയാളാണ് പോലീസ് പിടിയിലായത്. 

പഞ്ചായത്ത് അംഗം രതീഷ് പി. എസിനു നേരെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്.

വർഷങ്ങളായി തീക്കോയി ടൗണിൽ ലോൺട്രി നടത്തിപ്പുകാരനായ വിവേക് സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വഴക്കടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് വിവിധ പാർട്ടി പ്രവർത്തകരുമായി ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ വിരോധം നിമിത്തം ബുധനാഴ്‌ച രാത്രി ഏഴരയോടെ മദ്യപിച്ച് ഇരുമ്പുവടിയു മായി തീക്കോയിയിലെ സി.പി.ഐ ഓഫീസിൽ എത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു. 

പിറ്റേന്ന് രതീഷ് തീക്കോയി ടൗണിൽ സ്വന്തം ജീപ്പിലിരിക്കവെ വാനുമായെത്തിയ വിവേക് ജീപ്പിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി. എന്നാൽ അത്ഭുതകരമായി രതീഷ് രക്ഷപെട്ടു. അക്രമിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതോടെ രതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിവേകിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.