ഈരാറ്റുപേട്ട: കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തിൽ കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ നടത്തിയ ബഡ്സ് കലോത്സവത്തിൽ -തില്ലാന 2026 - 65 പോയിന്റ് നേടി വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡസ് സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 62 പോയിന്റുമായി ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഫസ്റ്റ് റണ്ണറപ്പും 46 പോയിന്റുമായി രാമപുരം കൈന്റ് ആന്റ് കെയർ ബഡ്സ് സെക്കന്റ് റണ്ണറപ്പും നേടി.
മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാൻ വേദി ഒരുക്കി അതു വഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ജില്ലയിലെ ഏഴ് സ്കൂളുകളിൽ നിന്നായി 100 കണക്കിന് വിദ്യാർഥികൾ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായവും ശാരീരിക-മാനസിക സാഹചര്യങ്ങളും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ഉപകരണ സംഗീതം, ചെണ്ട, മിമിക്രി, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.









