കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിൽ വച്ച് കഴിഞ്ഞ ദിവസം, ബസിൽനിന്ന് ഇറങ്ങവേ, അശ്രദ്ധയോടെ വേഗത്തിൽ ബസ് മുൻപോട്ട് എടുത്തപ്പോൾ തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ, സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. വിദ്യാർഥിനി താഴെവീണിട്ടും ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാനോ ജീവനക്കാർ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പോലീസും മോട്ടോർ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്.
അപകടത്തിനിടയാക്കിയ "വാഴയിൽ" എന്ന പേരിലുള്ള ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബസ് ഇപ്പോൾ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് സൻപെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.









