പ്രാദേശികം

സി.എം.എ പരീക്ഷയിൽ ഉന്നത വിജയം നേടി മുഹമ്മദ് യാസീൻ

 

ഈരാറ്റുപേട്ട: അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന സർട്ടിഫൈഡ് മാനേജ്‍മെന്റ് അക്കൌണ്ടന്റ് (സി.എം.എ) പരീക്ഷയിൽ ഉന്നത വിജയം നേടി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് പരതേനായ ഷിബിലി (ലേഡീസ് സ്റ്റോർ കുമളി) യുടെ മകനായ മുഹമ്മദ് യാസീനാണ് സി.എം.എ പരീക്ഷയിൽ ഉന്നത വിജയം നേടിയത്. 

അൽമനാർ സ്കൂളിൽ 1 മുതൽ 10 വരെ പഠിച്ച യാസീൻ പാലാ ഗവ. ഹയർ സെക്കൻ്ററിയിൽ നിന്ന് കൊമേഴ്‌സിൽ പ്ലസ്ടു, അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നിന്ന് ബികോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവ പാസായി. തുടർന്ന് കോട്ടയം ലക്ഷ്യയിലായിരുന്നു സി.എം.എ പഠനം. ഇപ്പോൾ കണ്ണൂരിൽ അക്കൗണ്ടിംഗ് പരിശീലനത്തിലാണ് യാസീൻ. 

സബീന ഷിബിലിയാണ് മാതാവ്. വിദ്യാർത്ഥികളായ അൽ അമീൻ, ഐഷ എന്നിവർ സഹോദരങ്ങളാണ്. പാസ്സാകാൻ വലിയ ബുദ്ധിമുട്ടും കടുത്ത മത്സരവുമുള്ള ഈ പരീക്ഷ പാസാകുന്നവർക്ക് ബഹുരാഷ്ട്ര കമ്പനികളിൽ ഫൈനാൻസ്, മാനേജ്മെൻ്റ് മേഖലകളിൽ ഉയർന്ന ജോലികളാണ് കാത്തിരിക്കുന്നത്. ഫൈനാൻഷ്യൽ പ്ലാനിംഗ്, അനാലിസിസ്, കൺട്രോൾ എന്നീ മേഖലകളിൽ സി.എം.എക്കാർക്ക് ജോലി ലഭിക്കും. വൻകിട കമ്പനികളിൽ മികച്ച കരിയർ ആണ് ഇവരെ കാത്തിരിക്കുന്നത്.