പ്രാദേശികം

ഈരാറ്റുപേട്ടയിൽ വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദമാകുന്നു

ഈരാറ്റുപേട്ട: വില്ലേജ് ഓഫീസിനു മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കം വിവാദത്തിലേക്ക്. നഗരത്തിൽ അരുവിത്തുറ പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിനു മുന്നിലെ റവന്യു വകുപ്പിന് കീഴിലുള്ള സ്ഥലത്ത് വെയിറ്റിംഗ് ഷെഡ് പണിയാനുള്ള നീക്കമാണ് വിവാദമാകുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയുണ്ടായി ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് പകരമായാണ് പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നത്. എന്നാൽ സ്ഥിരമായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന വീതി കുറഞ്ഞ സ്ഥലത്ത് വളവിൽ ബസ് കാത്തിരിപ്പു കേന്ദ്രം പണിയുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്. കൂടാതെ വില്ലേജ് ഓഫീസിലേക്ക് വരുന്ന പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന അൽപം സ്ഥലത്താണ് ബസ് സ്റ്റോപ്പ് പണിയാനുള്ള നീക്കം നടത്തുന്നത്. ഈ സ്ഥലം കൂടി വിട്ടു നൽകിയാൽ വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനം എവിടെ വാഹനം നിർത്തിയിടുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇവിടെനിന്ന് നൂറു മീറ്റർ മാത്രം മാറി ഇരു വശത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും ബസ് സ്റ്റോപ്പും നിലവിലുണ്ടെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.