പാലാ : കഴിഞ്ഞ ദിവസം പാലായിൽ ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിർത്താതെ പോയ സംഭവത്തിൽ വാഹന ഉടമ വാഹനവും ഡമ്മി ഡ്രൈവറെയും സ്റ്റേഷനിലെത്തിച്ച് മുങ്ങി. ഓട്ടോറിക്ഷയിൽ ഇടിച്ച ടയോട്ട ഹൈറൈഡർ കാർ പാലാ സ്വദേശിയായ ജോർജ്ജുകുട്ടി ആനിത്തോട്ടം എന്നയാളുടേതാണ്. പോലീസ് കേസെടുത്തതിനെ തുടർന്ന് തനിക്ക് പകരം മറ്റൊരാളെ ഇടിച്ച വാഹനവുമായി സ്റ്റേഷനിലെത്തിച്ച് തലയൂരാനായിരുന്നുജോർജ്ജുകുട്ടി ശ്രമിച്ചത്.
എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ജോർജ്കുട്ടി ഹാജരാക്കിയ ആൾ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെ ന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്തതോടെ ഇയാളല്ല വാഹനമോടിച്ചിരുന്നതെന്ന് സമ്മതിച്ചു. ഇതിനിടെ ജോർജ്ജുകുട്ടി ഒളിവിൽ പോവുകയും ചെയ്തു.ജോർജ് കുട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിലിരുന്ന പാലാ സ്വദേശിനിയായ റോസമ്മ ഉലഹന്നാൻ റോഡിലേക്ക് തെറിച്ചു വീഴുകയും ഓട്ടോറിക്ഷ റോസമ്മയുടെ ദേഹത്ത് വീണ് ഇവർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു. കോട്ടയം തള്ളക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.









