പ്രാദേശികം

'ഈരാറിനഴകായ് ഈരാറ്റുപേട്ട’: സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കം

ഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഈരാറിനഴകായ് ഈരാറ്റുപേട്ട’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായി 14-ാം വാർഡിലാണ് (മുളന്താനം ഡിവിഷൻ) പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നത്. ശേഷം ഈരാറ്റുപേട്ടയുടെ മറ്റുവാർഡുകളും ഇതിന്റെ ഭാഗമാകും. അതിന്റെ ഭാഗമായി പ്രാഥമിക ഘട്ട സർവ്വേയുടെ ഉദ്ഘാടനം ഇന്ന് (ബുധൻ) വൈകുന്നേരം 4:30-ന് നടക്കും.

നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന ടീച്ചർ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, ഡിവിഷൻ കൌൺസിലർ അമീൻ പിട്ടയിൽ എന്നിവർ ആശംസ നേരും.

ഓരോ വീടുകളും നേരിട്ട് സന്ദർശിച്ച്, നിലവിലെ രീതികൾ മനസ്സിലാക്കി കൃത്യമായതും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിക്കാനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ നാടിനെ മാലിന്യമുക്തവും സുന്ദരവുമാക്കി മാറ്റാനുള്ള ഈ വലിയ ഉദ്യമത്തിൽ എല്ലാ ജനങ്ങളുടെയും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ അഭ്യർഥിച്ചു.ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയുമായി ആരോഗ്യവിഭാഗം രംഗത്തുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നഗരസഭക്ക് കൈമാറിയാൽ പാരിതോഷികവും നൽകുന്നതാണ്.