ഈരാറ്റുപേട്ട: ആന പ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.
ഈരാറ്റുപേട്ട പരവൻപറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനകളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു.
കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്.
പരവൻപറമ്പിൽ വെള്ളൂകുന്നേല് കുഞ്ഞൂഞ്ഞ്ചേട്ടന് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലംകഴിഞ്ഞ് അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നനാൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു.









