ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം 3, 4, 5, 6 തീയതികളിൽ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ 15 വേദികളിലായി നടക്കും. 76 വിദ്യാലയങ്ങളിലെ 3,500ലേറെ വിദ്യാർഥികൾ കലാമേളയിൽ മാറ്റുരയ്ക്കും.ഗോത്രവർഗ കലകളിലെ മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യദിനത്തിൽ രചനാമത്സരങ്ങളോടൊപ്പം സ്റ്റേജ് മത്സരങ്ങളും നടക്കും.
പ്രധാനവേദിയായ പൂഞ്ഞാർ സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂൾ, എൽ.പി സ്കൂൾ, നേഴ്സറി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിലായി മത്സരങ്ങൾ അരങ്ങേറും.പൂർണമായും ഗ്രീൻപ്രോട്ടക്കോൾ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
നവംബർ 4ന് രാവിലെ 9 മണിക്ക് പ്രധാനവേദിയിൽ ഉപജില്ലാ കലോത്സവം ആൻ്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് സ്കൂൾ മാനേജർ റവ. ഫാ ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംല ബീവി കലോത്സവ വിശദീകരണം നൽകും.
സമാപനസമ്മേളനം നവംബർ 6 വ്യാഴം വൈകുന്നേരം നാലുമണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. സെൻറ് ആൻറണീസ് സ്കൂൾ മാനേജർ റവ. ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുമാരി മീനാക്ഷി അനൂപ് മുഖ്യാതിഥിയായി പങ്കെടുക്കും. പൂഞ്ഞാർ-തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തും. കലോത്സവം നടത്തിപ്പിനായി 12 വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. കലാമേളയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഈരാറ്റുപേട്ട എ ഇ ഒ ഷംലബീവി പറഞ്ഞു. ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, പ്രോഗ്രാം കൺവീനർ പ്രിൻസ് അലക്സ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എസ് റമീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.









