കേരളം

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: രണ്ട് സംഭവങ്ങളിലും കർശന നടപടിയെന്ന് മന്ത്രി

കോട്ടയം :വിദ്യാലയങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾക്കെതിരെ സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നത്. പഠനാന്തരീക്ഷം കുട്ടികൾക്ക് ഭയരഹിതവും സുരക്ഷിതവുമാകണം. എന്നാൽ, കൊല്ലം ചാത്തിനാംകുളത്തും ഈരാറ്റുപേട്ട കാരക്കാടും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും മർദ്ദനമേറ്റതായുള്ള വാർത്തകൾ അത്യന്തം ഗൗരവകരവും വേദനിപ്പിക്കുന്നതുമാണ്. ഈ രണ്ട് സംഭവങ്ങളിലും പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ:ഇവിടെ മൂന്നാം ക്ലാസ് വിദ്യാര്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂൾ:പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചുവെന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. കുട്ടിക്ക് തോളെല്ലിന് പരിക്കേറ്റെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സ്‌കൂളിലും കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. എയിഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി.

രണ്ട് സംഭവങ്ങളിലും വകുപ്പുതല നടപടികൾക്ക് പുറമെ, പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.