പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഡിസംബർ 31 ന് തുടങ്ങും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരോത്സവം ഡിസം 31 മുതൽ ജനുവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫ്ലവർഷോ, ഫുഡ് ഫെസ്റ്റ്, വ്യാപാര വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻ്റ്, കലാപരിപാടികൾ എന്നിവയെല്ലാം നഗരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
 

ഡിസം 31 ന് രാത്രി 7 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മുൻ നഗരസഭാ ചെയർമാൻ വി എം സിറാജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നിർവഹിക്കും. അമ്യൂസ്മെൻ്റ് പാർക്ക്  നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ ഉദ്ഘാടനം ചെയ്യും. സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ, നഗരസഭാ പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടിൽ, വാർഡ്കൗൺസിലർ കെ ഇ റാഷിദ് എന്നിവർ ആശംസകളർപ്പിക്കും. ജന.കൺവീനർ അഡ്വ സുഹൈൽ ഖാൻ സ്വാഗതവും കൺവീനർ പി പി എം നൗഷാദ് നന്ദിയും പറയും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിൻ്റെ ഗാനമേള അരങ്ങേറും. ജനുവരി 1 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 8 ന് കൈരളി പട്ടുറുമാൽ ടീമിൻ്റെ മാപ്പിള ഗാനമേള അരങ്ങേറും. ജനുവരി 2 ന് നടക്കുന്ന ബിസിനസ് സമ്മിറ്റിൽ മേഖലയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കും. രാത്രി 8 ന് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ തൃശൂർ പാട്ടുകുടുംബത്തിൻ്റെ സംഗീത സന്ധ്യ. മൂന്നാം തീയതി നടക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും.

സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന മെഗാ കോമഡി ഷോ . നാലാം തിയതി നടക്കുന്ന മിഡിയ സെമിനാറിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് റൈഹാന മുത്തു മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത സൽക്കാരം. 5 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ ടി പി എം ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് വൈറൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ. 6 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ മേഖലയിലെ വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും. രാത്രി 8 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള. 7 ന് നടക്കുന്ന സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും.