ഈരാറ്റുപേട്ട: ബ്രിട്ടനിലെ ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ കേംബ്രിഡ്ജിൽ എക്സാമിനേഷൻ പ്രോസസിംഗ് അഡ്മിസ്ട്രേറ്റർ ജോലി നേടി ഈരാറ്റുപേട്ട സ്വദേശി. നടക്കൽ മസ്ജിദുൽ ഹുദാ ഇമാം ഹുദാ മസ്ജിദ് ഇമാം ഉനൈസ് മൗലവിയുടെയും താഹിറയുടെയും മകനായ മുഹമ്മദ് അബാനാണ് കേംബ്രിഡ്ജിൽ ജോലി നേടി നാടിന് അഭിമാനമായത്.
കേംബ്രിഡ്ജിലെ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ തസ്തികയിലാണ് മുഹമ്മദ് അബാന് ജോലി ലഭിച്ചത്.ഏറെ കൃത്യതയും സൂഷ്മതയും വേഗതയും അവശ്യമുള്ള ജോലിയാണിത്. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ ശേഷിയും എഴുത്തു ശേഷിയുമുള്ള സംഘാടക ശേഷിയും ടൈം മാനേജ്മെന്റുമുള്ള, ജോലിയുടെ സമ്മർദങ്ങൾ നന്നായി നേരിടാൻ കഴിയുന്നവർക്കാണ് ഈ ജോലി ലഭിക്കുക.
ആറാം ക്ലാസ് വരെ അൽമനാർ സ്കൂളിൽ പഠിച്ച അബാൻ ഈരാറ്റുപേട്ട ഫൗസിയയിൽ നിന്ന് ഖുർആൻ മനഃപാഠത്തോടൊപ്പം പ്ലസ് ടു പാസായി. കോഴിക്കോട് ഇർഷാദിയ കോളേജിൽ നിന്ന് ബി.എ സൈക്കോളജി പാസ്സായി. പിന്നീട് കേംബ്രിഡ്ജിനു കീഴിലുള്ള കോളേജിൽ നിന്ന് സൈക്കോളജിയിൽ പി.ജി നേടിയ ശേഷമാണ് ഈ ജോലി ലഭിച്ചത്. കേംബ്രിഡ്ജിൽ ജോലി ലഭിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് മുഹമ്മദ് അബാൻ.സഹോദരിമാരായ സാഹിറ ഉനൈസ് ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളേജിൽ സൈക്കോളജിയിൽ പി.ജി വിദ്യാർത്ഥിനിയും മാഹിറ ഉനൈസ് ഗൈഡൻസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുമാണ്.









