പ്രാദേശികം

ഈരാറ്റുപേട്ട പി.എച്ച്.സിയിൽ എക്‍സ്റേ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്ററിൽ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി പുതുതായി സജ്ജീകരിച്ച എക്‍സ്റേ യൂനിറ്റിന്റെ ഉദ്ഘാടനം അഡ്വ. ഹാരിസ് ബിരാന്‍ എം.പി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും നിലവിലുണ്ടെങ്കിലും സാങ്കേതികമായ ചില കാരണങ്ങള്‍ ഉന്നയിച്ച് താലൂക്ക് ഹോസ്പിറ്റലായി ഉയര്‍ത്താത്ത ഈ ആശുപത്രിയിൽ ദിവസവും ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും 400 ല്‍ രോഗികൾ ചികിത്സക്കായി സമീപിക്കുന്നുണ്ട്. ദിനേന എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ രീതികളില്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നഗരസഭയുടെ സേവനമേഖലയിൽ ഉൾപ്പെടുത്താവുന്ന ഫണ്ടുകൾ ഉപയോഗിച്ച് ആവശ്യമായ സൌകര്യങ്ങൾ ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി.

അതിന്റെ ഭാഗമായാണ് എക്‍സ്റേ യൂനിറ്റ് യാഥാര്‍ത്യമാക്കാന്‍ സാധിച്ചതെന്ന് അവർ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും നഗരസഭയുടെ മേൽനോട്ടത്തിൽ നടത്തി വരുന്നതായും സുഹ്റ അബ്ദുൽ ഖാദർ അറിയിച്ചു.ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർമാന്‍ ഷെഫ്ന അമീന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാന്‍ അന്‍സര്‍ പുള്ളോലി മുഖ്യപ്രഭാഷണം നടത്തി.

അസീസ് ബഡായില്‍, കൗണ്‍സിലർമാരായ അഡ്വ. വി.എം മുഹമ്മദ് ഇല്ല്യാസ്, നാസര്‍ വെള്ളുപറമ്പില്‍, അനസ് പാറയില്‍, നൗഫല്‍ എസ്.കെ, അബ്ദുല്‍ ലത്തീഫ്, ലീന ജയിംസ്, റിയാസ് പ്ലാമൂട്ടില്‍, ഫാസില അബ്സാര്‍, നൗഫിയ ഇസ്മായില്‍, കെ.എ മുഹമ്മദ് ഹാഷിം, എ.എം.എ. ഖാദര്‍, പി.എച്ച്. നൗഷാദ്, അഡ്വ. വിപി നാസര്‍, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രശ്മി നന്ദി പറഞ്ഞു.