കോട്ടയം

വ്രതശുദ്ധിക്കൊപ്പം പരിസരശുദ്ധിയും; റോഡും തോടും വൃത്തിയാക്കി നഗരസഭ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ റമദാൻ വ്രതകാലത്തിന് മുന്നോടിയായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ അഡ്വ. വി.പി. നാസർ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ പ്രധാന റോഡുകളുടെയും ഇരുവശങ്ങളും വൃത്തിയാക്കുകയും, തോടുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 

അതോടൊപ്പം നഗരസഭാ പരിധിയിലെ തെളിയാത്ത വഴി വിളക്കുകൾ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ഭംഗിയും വൃത്തിയും നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പൊതുയിടങ്ങളിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.