കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ ആയിരുന്ന പി.എം. മാത്യു (75) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യംകടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) സംസ്ക്കാരം നടക്കും.
1991 ലാണ് പി.എം. മാത്യു കടുത്തുരുത്തിയിൽ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്. തുടർന്ന് ജേക്കബ് ഗ്രൂപ്പിലേക്കും പിന്നീട് കോൺഗ്രസിലെത്തുകയും ചെയ്തു.1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് പി.സി. തോമസ് എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ മോൻസ് ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു എം.എൽ.എ ആയി.
ഏറെ നാളായി കിഡ്‌നി, കരൾ രോഗ ബാധിതനായിരുന്നു. ഒരു കാലത്ത് കേരളത്തിലെ തന്നെ ഉജ്വല പ്രസംഗികനായിരുന്നു പി.എം. മാത്യു.കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. എക്സ് എം.എൽ.എ ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാനായിരുന്നു.ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാർ (കടുത്തുരുത്തി). മക്കൾ: അനു പി. മാത്യു (അസോസിയേറ്റ് പ്രഫസർ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ജു മാത്യു, അരുൺ മാത്യു (ഇരുവരും സിംഗപ്പൂർ)









