പ്രാദേശികം

ഫെയ്സ് 28-ാമത് വാർഷികവും പുസ്തക പ്രകാശനവും നാളെയും മറ്റന്നാളുമായി ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ടയുടെ (FACE) 28-ാമത് വാർഷികാഘോഷ പരിപാടികൾ 'സർഗ്ഗസമീക്ഷ '26' എന്ന പേരിൽ മെയ് 23, 24 (ശനി, ഞായർ) തീയതികളിൽ നടക്കും. ഈരാറ്റുപേട്ട ബറക്കാത്ത് സ്ക്വയർ, മുട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തെ സാംസ്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ (ശനിയാഴ്ച) നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. വി. പി. നാസർ നിർവഹിക്കും. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ കോർത്തിണക്കിയ 'അരങ്ങ്' പരിപാടിയുടെ ഭാഗമായിരിക്കും. ഉച്ചക്ക് ശേഷം ഈരാറ്റുപേട്ടയുടെ സാംസ്കാരിക പൈതൃകവും ചരിത്രവും ചർച്ച ചെയ്യുന്ന 'ദേശപ്പെരുമ' എന്ന സാംസ്കാരിക സംഗമം പ്രമുഖ ഫാമിലി തെറാപ്പിസ്റ്റും എഴുത്തുകാരനുമായ ശ്രീ. അലക്സ് ടെസി ജോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേര് പുതുമയാർന്ന കരോക്കേ ഗാനാലാപന മത്സരമായ 'ശ്രുതിലയം' നടക്കും.

ഞായറാഴ്ച രാവിലെ നടക്കുന്ന സാഹിത്യ ശില്പശാലയായ 'മൊഴിപടവ്' എഴുത്തുകാരൻ ശ്രീ. ഹമീദ് പറപ്പൂര് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ശ്രീ. അർഷാദ് ബെത്തേരി ശില്പശാലയ്ക്ക് നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് സ്ത്രീ ശാക്തീകരണ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന 'പെണ്ണകം' വനിതാ സംഗമത്തിൽ പ്രശസ്ത എഴുത്തുകാരി എസ്. സരോജം, പാലാ മുൻസിപ്പൽ ചെയർപെഴ്‌സൺ കുമാരി ദിയ ബിനു തുടങ്ങിയവർ പങ്കെടുക്കും.രണ്ടു ദിവസത്തെ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം 7 മണിക്ക്.മുട്ടം ജംഗ്ഷനിൽ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെയ്‌സ് പബ്ലിക്കേഷൻസ്

പുറത്തിറക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ നടക്കും. ജാഫർ ഈരാറ്റുപേട്ടയുടെ 'നടനവും കഥനവും', മനാഫ് നെടുങ്കീന്തിയുടെ 'അറുപത് തിരിയിട്ട നിലവിളക്ക്', ഫെയ്‌സിന്റെ വാർഷിക സ്‌മരണികയായ 'വഴിയടയാളം' എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.

 

തുടർന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഹാഷിം ആലപ്പുഴ, ഫെയ്സിന്റെ പ്രിയ ഗായകൻ നിഷാന്ത് പത്മനാഭൻ, അമൃത ടിവി സൂപ്പർ സ്റ്റാർ ഫെയിം കുമാരി ദേവിക എസ്. നായർ എന്നിവർ നയിക്കുന്ന 'ഫെയ്‌സ് വോയ്സ്' ഗാനമേളയും അരങ്ങേറും. വിവിധ സമ്മേളനങ്ങളിൽ ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, ട്രഷറർ പി.പി.എം. നൗഷാദ്, ഡയറക്ടർ സക്കീർ താപി തുടങ്ങിയവർ സംസാരിക്കും.