ഈരാറ്റുപേട്ട:ഈരാറ്റുപേട്ടയുടെ സാംസ്‌കാരിക കൂട്ടായ്മയായ 'ഫെയ്‌സ്' (FACE) പുസ്തക പ്രസാധന രംഗത്തേക്ക് ചുവടുവെക്കുന്നു. ഫെയ്‌സ് പബ്ലിക്കേഷന്റെ ആദ്യ സംരംഭമായി, ഈരാറ്റുപേട്ട സ്വദേശിയായ കവി എം. എ. മനാഫ് നെടുങ്കീന്തി രചിച്ച 'അറുപത് തിരിയിട്ട നിലവിളക്ക്' എന്ന കവിതാസമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി. വിഷ്ണുപ്രിയ പൂഞ്ഞാറാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
2026 മേയ് 17 ഞായറാഴ്ച രാവിലെ പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ വെച്ചായിരുന്നു ചടങ്ങ്. ലൈബ്രറി പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെയ്‌സ് ഡയറക്ടർ ശ്രീ. സക്കീർ താപി, പ്രസിഡന്റ് ശ്രീ. കെ.പി. എ നടയ്ക്കൽ, ഫെയ്‌സ് വിമൻസ് ക്ലബ് വൈസ് പ്രസിഡന്റ് ശ്രീമതി. മേരികുട്ടി കുര്യാക്കോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവി മനാഫ് നെടുങ്കീന്തി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.വിവിധ പ്രമേയങ്ങളിലുള്ള 62 കവിതകൾ ഉൾക്കൊള്ളുന്ന ഈ കവിതാസമാഹാരം ഈ മാസം തന്നെ വായനക്കാരിലേക്ക് എത്തും.









