ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ഈ അധ്യായന വർഷത്തെ പ്രവർത്തന പരിപാടികൾക്ക് മുന്നൊരുക്കമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ് , ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവരുടെ ഒരു ശില്പശാല ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തി.
ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിഇഒ റോഷ്ന അലിക്കുഞ്ഞ് KAS മുഖ്യപ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ആന്റണി തോക്കനാട്ട്, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ സുജ എം.ജി, പി.പി.എം നൗഷാദ്, നിയാസ് എം എച്ച്, പ്രിയാ അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്. ഈ പദ്ധതിയിലൂടെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലനവും, പ്രോത്സാഹനവും നൽകി മികച്ച പ്രതിഭകളെ വാർത്തെടുക്കുകയും, കൂടാതെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം കൈവരിക്കുന്നതിന് വേണ്ടി സ്കോളർഷിപ്പുകൾക്കുള്ള പരിശീലനം, കൗൺസിലിംഗുകൾ, കരിയർ ഗൈഡൻസ്, ലീഡർഷിപ്പ് ട്രെയിനിങ്, സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പുകൾ, പഠന- വിനോദയാത്രകൾ, പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം, മെഡിക്കൽ ക്യാമ്പുകൾ, ക്വിസ് കോമ്പറ്റീഷനുകൾ, വിവിധ മത്സരങ്ങൾ, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം, 100% വിജയം നേടുന്ന സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡ്, സ്കൂൾ യുവജനോത്സവങ്ങൾ, കായികമേളകൾ തുടങ്ങിയവ ഉൾപ്പെടെ പാഠ്യ-പാഠ്യതര രംഗങ്ങളിൽ മികവ് പുലർത്തുന്നവരെ ആദരിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടിയുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. വിരമിച്ചവരും സർവീസിൽ ഉള്ളവരുമായ ഒരുപറ്റം പ്രഗൽഭ അധ്യാപകരും, മികച്ച പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെട്ട ഒരു ടീമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാറ്റസ് എഡ്യൂക്കേഷൻ പ്രോജക്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഈ വർഷത്തെ വിശദമായ ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിനാണ് പ്രഥമാധ്യാപക ശില്പശാല നടത്തിയത്.









