കോട്ടയം

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു

കോട്ടയം : മുൻ വൈരാഗ്യത്തെ തുടർന്ന് . യുവതിയെയും മകളെയും അയല്‍വാസികള്‍ വടിവാളിന് വെട്ടി, മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്സാന (13) എന്നിവർക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാൻ ശ്രമിച്ച അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നും, മുൻവൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു...