കാഞ്ഞിരപ്പള്ളി ; എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് മെയ് 9 വെള്ളിയാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ ആരംഭിക്കും. കോഴ്സിന്‍റെ ഔപചാരിക ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർ അഭിലാഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ക്യാമ്പിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ്, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ് എന്നിവർ കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തും.
മികച്ച പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോർജ് കരുണയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലകർ ക്ലാസുകൾ നയിക്കും. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ അധ്യാപകർ ബിനോയ് സി ജോർജ്, നിയാസ് എംഎച്ച്, എലിസബത്ത് തോമസ്, പ്രിയാ അഭിലാഷ് തുടങ്ങിയവർ കോഴ്സ് കോർഡിനേറ്റർമാരായി പ്രവർത്തിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് കോഴ്സിൽ അഡ്മിഷൻ നൽകിയിരിക്കുന്നത്. കോഴ്സ് തികച്ചും സൗജന്യമാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തുടർന്ന് ഓൺലൈനായി നൽകുന്ന ക്ലാസുകളിലൂടെ കോഴ്സ് പൂർത്തീകരിച്ച് കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ആഭിമുഖ്യവും , ലക്ഷ്യബോധവും നൽകും









