കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് 5 സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ നൽകുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടും, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ ഓക്സിജൻ ഗ്രൂപ്പും ചേർന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ച് സ്കൂളുകളിൽ ലാപ്ടോപ്പുകളും, പ്രിന്ററുകളും നൽകുന്നു.

കണമല സാന്തോം ഹൈസ്കൂൾ , പറത്താനം സീവ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ , തിടനാട് സിഎംഎസ് എൽ.പി സ്കൂൾ, അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ.പി സ്കൂൾ, പൂഞ്ഞാർ മണിയംകുളം സെന്റ് ജോസഫ് എൽ. പി സ്കൂൾ എന്നീ സ്കൂളുകൾക്കാണ് ലാപ്ടോപ്പുകളും, കമ്പ്യൂട്ടറുകളും മറ്റും നൽകുന്നത്. ഫെബ്രുവരി 9,10 തീയതികളിലായി അതാത് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് ലാപ്ടോപ്പുകളുടെയും മറ്റും വിതരണം നടക്കും

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനങ്ങൾ നിർവഹിക്കും. ഓക്സിജൻ ഗ്രൂപ്പ് വൈസ് ചെയർമാൻ ജിബിൻ കെ. തോമസ് ലാപ്ടോപ്പുകളും മറ്റും കൈമാറും. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് ചടങ്ങുകളിൽ മുഖ്യപ്രഭാഷണം നടത്തും. അതാത് സ്കൂളുകളിൽ സ്കൂൾ മാനേജർമാർ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പിടിഎ ഭാരവാഹികളും, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രസംഗിക്കും.