കേരളം

കനത്ത പോളിങ്: കേരളം വിധിയെഴുതി.....ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

തിരുവനന്തപുരം: വാനോളമുയർന്ന വോട്ടാവേശത്തിന് പോളിങ് കഴിഞ്ഞതോടെ കൊടിയിറക്കം. ജന വിധിയറിയാൻ ഇനി 24 ദിവസം നീണ്ട കാത്തിരിപ്പ്. മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയതിനാൽ എണ്ണിത്തീർക്കാൻ സമയമെടുക്കും.

തുടർന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ക്രമനമ്പർ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങൾ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാർഥിക്കും ലഭിച്ചവോട്ടുകൾ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആർക്കാണ് ലീഡെന്ന് അറിയാം.

ജനവിധിയെക്കുറിച്ച് സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെ ടുത്തിയിട്ടുണ്ട്. ഏപ്രിൽ 29 ന് വൈകീട്ട് ആറിന് ശേഷമേ എക്സ‌ിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും.