കൊച്ചി: കർശനമായ നിയന്ത്രണങ്ങളോടെയും നിർദേശങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകി. ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടതെന്നും, പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകരുതെന്നും കോടതി വ്യക്തമാക്കി. സാധാരണ തീർത്ഥാടകർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ മാത്രമേ സംഗമത്തിൽ പങ്കെടുക്കുന്നവർക്കും നൽകാവൂ. ശബരിമലയുടെ പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒരു പ്രവർത്തനവും ഉണ്ടാകരുത് എന്നും കോടതി നിർദേശിച്ചു.
സാമ്പത്തിക സുതാര്യത ഉറപ്പാക്കണം
സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. നേരത്തെ, സംഗമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ, പരിപാടിയിൽ സർക്കാരിന്റെ പങ്ക്, സംഭാവനയായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കും, കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
സർക്കാരിന്റെ മറുപടി
കുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. ശബരിമല മാസ്റ്റർ പ്ലാൻ 2050 ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംഗമം 20-ന് പമ്പയിൽ
ഈ മാസം 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു









