തിരുവനന്തപുരം : പാചക വാതക വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് 24 മണിക്കൂർ അടച്ചിടും. കേരള ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ എന്നിവ പ്രതിഷേധത്തിൽ പങ്കെടുക്കും.
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫിസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. അതേസമയം അസോസിയേഷന്റെ ഭാഗമല്ലാത്ത ഹോട്ടലുകൾ തുറന്നിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും റസ്റ്റൊറന്റുകളും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം.
19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനയാണുണ്ടായത്. നിലവിൽ കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117 രൂപയുമാണ്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപക്കടുത്ത് കൂട്ടിയത്.









