കേരളം

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിൽ ഒന്നായ ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിനേഷൻ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

9 മുതൽ 14 വയസുവരെ എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദമാണെങ്കിലും, 26 വയസുവരെ ഇത് നൽകാവുന്നതാണ്. വാക്‌സിനേഷൻ മുഖേന ഗർഭാശയഗള കാൻസർ തടയാൻ സാധിക്കുമെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനം സുപ്രധാന തീരുമാനത്തിലെത്തിയതായി മന്ത്രി വ്യക്തമാക്കി.

‘കാൻസർ മുക്ത കേരളം’ എന്ന ലക്ഷ്യം കൈവരിക്കാൻ ആരോഗ്യ വകുപ്പ് വൻതോതിൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എച്ച്പിവി വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിപുലമായ അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് അവബോധ സന്ദേശങ്ങൾ തയ്യാറാക്കും. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധ പരിപാടികൾ നടത്തും. രക്ഷിതാക്കൾക്കും ഇതിന്റെ ഭാഗമായി ബോധവൽക്കരണം നൽകും.