കോട്ടയം

കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

കോട്ടയം:കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മേസ്തിരിപ്പണിക്കാരനായ സോമൻ ശ്രമിച്ചത്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭിന്നശേഷിക്കാരനായ ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ, നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു.

കൊലപാതകത്തിനു ശേഷം നിർവികാരനായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന സോമൻ. കൊലപാതകം നടന്ന വിവരം മൂത്തമകൻ സമീപവാസിയായ പഞ്ചായത്തംഗം പി. ടി. സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.