പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പുനർ നിർമിക്കണം: പ്രദേശ വാസികളുടെ നിൽപ് സമരം

ഈരാറ്റുപേട്ട: രണ്ട വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറിന് കുറുകെയുള്ള ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളുട നിൽപ് സമരം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം വേണെന്ന നിരന്തരമായ ആവശ്യംസംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു. 

ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ്‌വി, യുസഫ് ഹിബ, എൻ.എം നിയാസ്, താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു.

ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ്  പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായാണ് നാട്ടുകാർ പറയുന്നത്. 

2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടിവന്നിരിക്കുകയാണ് ഇവിടത്തുകാർക്ക്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്‌കൂളിലെത്തുന്നത്.

പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വിവിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പ് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് കാരക്കാട് സ്‌കൂളിലെ വിദ്യാർഥികൾ നേരിട്ട് നിവേദനം സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 

ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെട്ടു വരുകയായിരുന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ
പത്തുകൂടെയാണ് കടന്നുപോകൂന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താൻ കഴിയും. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.