ഈരാറ്റുപേട്ട : കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻ്റർ ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ്, സുലൂക് '26 എന്ന പേരിൽ 2026 ജനുവരി 3 ശനിയാഴ്ച ഈരാറ്റുപേട്ടയിൽ നടക്കും. നടക്കൽ ഫൗസിയ ഓഡിറ്റോറിയം, തൻമിയ ഇസ്‌ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാല് സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജൂനിയർ, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ജനുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തൻമിയ ഇസ്‌ലാമിക് സ്കൂൾ ഈരാറ്റുപേട്ട, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ വണ്ടിപ്പെരിയാർ, അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയാ ഇടക്കുന്നം എന്നീ സ്ഥാപനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ എഴുത്തുകാരനും ഗാനരചയിതാവും സൂഫീ ഗായകനുമായ ജാബിർ സുലൈം മുഖ്യാതിഥിയാകും. തമീം ത്വാഹ ഹസനി, എം.കെ കബീർ, അബ്ദുല്ല സേട്ട്, ഹഫീസ് ഇടക്കുന്നം എന്നിവർ പങ്കെടുക്കും. പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിക്കും. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറയും.









