പാലാ:ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനവഴികൾ കണ്ടെത്താൻ സഹായിക്കുന്ന കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിശീലനം വിജയകരമായി പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ കരിയർ ഗൈഡുമാർക്കായാണ് ത്രിദിന പരിശീലനം സംഘടിപ്പിച്ചത്. പാലാ അൽഫോൻസാ പാസ്റ്ററൽ സെന്ററായിരുന്നു പരിശീലനത്തിന് വേദിയായത്.
പരിശീലനത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കായി കെ-ഡാറ്റ് അഭിരുചി പരീക്ഷയുടെ ആദ്യഘട്ടം നടത്തി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഭാവി കോഴ്സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ ഈ പരീക്ഷ സഹായിക്കും.
സി.ജി & എ.സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. സി.എം. അസീം, കോട്ടയം-ഇടുക്കി റീജിയണൽ ഡയറക്ടർ വിജി പി.എൻ., പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ എന്നിവർ പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നായി 40 കരിയർ ഗൈഡുമാർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്, കടത്തുരുത്തി ഉപജില്ലാ കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ എന്നിവർ നേതൃത്വം നൽകി. കബീർ പരപ്പോയിൽ, ജ്യോതിഷ് കുമാർ ബി., ശുഭ, ഷാജി സി.എം, ജെയിംസ് സെബാസ്റ്റ്യൻ തുടങ്ങിയ കരിയർ വിദഗ്ധരും പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകി.









