എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, സി.പി. മാത്തൻ, സ്ഥലം വിട്ടുനൽകിയ കുടുംബാംഗം ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം ഭാഗത്തെ സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിലേക്കും, ആ പ്രദേശത്തെ താമസക്കാർക്കും ഉണ്ടായിരുന്ന ഏക യാത്ര സൗകര്യമായ കനകപ്പലം - പഴയപള്ളി റോഡ് നിലവിൽ വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നു. അതിനാൽ തന്നെ പള്ളിയിലേക്ക് ആരാധനയ്ക്ക് പോയിരുന്നവരും, പ്രദേശവാസികളും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ട് കാണിച്ച് പള്ളി അധികൃതരിൽ നിന്നും പ്രദേശവാസികളിൽ നിന്നും നിവേദനം ലഭിച്ചതിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
പി.ഡബ്ല്യു.ഡി റോഡിൽ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്ഥല ഉടമസ്ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവർ ഭൂമി സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതിനെത്തുടർന്ന് മികച്ച നിലയിൽ റോഡിന്റെ കോൺക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവർത്തികളും നടപ്പിലാക്കാൻ കഴിഞ്ഞത്.









