കോട്ടയം

കാഞ്ഞിരപ്പള്ളി ബൈപ്പാസ് ; കരാർ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ട് നിർമ്മാണം നിർത്തിവെച്ചു | കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്നു ചീഫ് വിപ്പ് എൻ ജയരാജ്.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസിന് പ്രതിസന്ധിയുടെ കരിനിഴലിൽ. അനുവദിച്ച ബഡ്ജറ്റ് തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പണികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത്. എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇടഞ്ഞുനിൽക്കുന്ന ബാക്ക്ബോൺ കമ്പനിയുമായി അടുത്ത ആഴ്ച അധികാരികൾ ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്. ചർച്ച വിജയിച്ചില്ലെങ്കിൽ, പുതിയ കരാർ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടി വന്നേക്കാം. വീണ്ടും റീ ടെൻഡർ നടപടികളുമായി ആദ്യം മുതൽ തുടങ്ങേണ്ടി വന്നാൽ, ബൈപാസ് വീണ്ടും വലിയ പ്രതിസന്ധിയിലായേക്കും. അങ്ങനെയെങ്കിൽ ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ ഇനിയും കുറേനാൾ കൂടി അങ്ങനെ സഹിച്ച് തുടരേണ്ടിവരും.

കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയിൽ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടന്ന പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24.76 കോടി രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

നിർദിഷ്ട ബൈപാസ് റോഡിന്റെ പകുതിയോളം പണികൾ തീർന്നിരിക്കവെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത് . അനുവദിച്ച ബഡ്ജറ്റ് തുക വിതരണം ചെയ്യുവാൻ റെഡിയാണെങ്കിലും, കൂടുതൽ തുക അനുവദിക്കണം എന്ന ആവശ്യം പ്രശ്നം ഗുരുതരമാക്കിയേക്കും. പദ്ധതി നിർവഹണം നടത്തേണ്ട റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഉയർന്ന ഉദ്യോഗസ്ഥരും, പദ്ധതിയുടെ കൺസൾട്ടന്റെ ആയ ബ്രൈറ്റ്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരും , കരാറുകാരായ ബാക്ക്ബോൺ കോൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രതിനിധികളുമായി താമസിയാതെ ചർച്ച നടത്തി തീരുമാനമെടുത്തേക്കും.