കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ റോബിൻ ബസ് വഴിയാത്രികനെ ഇടിച്ചുവീഴ്ത്തി; കാലിലൂടെ ബസ് കയറിയിറങ്ങി

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ, റോഡ് മുറിച്ചു കടക്കവേ, ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി. 

കാഞ്ഞിരപ്പള്ളി പഴയ പള്ളി ജംഗ്ഷനു സമീപം താമസിക്കുന്ന പൈനാപ്പള്ളിൽ അബ്ദുൽ ഹക്കിമിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് . കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട പോയ റോബിൻ ബസ്സാണ് ഇടിച്ചത് . 

കെ കെ റോഡിൽ നിന്നും ഈരാറ്റുപേട്ട റോഡിലേക്ക് വേഗത്തിൽ ബസ് തിരിഞ്ഞ സമയത്ത് അബ്ദുൽ ഹക്കിം ബസ്സിന്റെ മുൻപിൽ പെട്ട് പോവുകയായിരുന്നു. ഡ്രൈവർ രക്ഷപെടുത്തുവാൻ വേണ്ടി ബസ് വെട്ടി തിരിക്കുവാൻ ശ്രമിച്ചെങ്കിലും , ആളെ ബസ്സിടിക്കുകയായിരുന്നു. 

അപകട സമയത്ത് സമീപത്ത് ഉണ്ടായിരുന്ന റിട്ട. എസ്. ഐ. ജോർജ്കുട്ടി കുരുവിള മുൻകൈയെടുത്ത് പരിക്കേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകി. ഗുരുതരമായി പരിക്കേറ്റ ഹക്കിമിനെ , കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും , തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . പോലീസ് എത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു . .