കാഞ്ഞിരപ്പള്ളി : ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ മെയ് 18 മുതൽ ഗതാഗത പരിഷ്കാരം നടപ്പാക്കും. ദേശീയ പാതയിൽ കുരിശിങ്കൽ മുതൽ പൂതക്കുഴി വരെയുള്ള ഭാഗത്തും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും ദേശീയപാതയെ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലുമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഏഴ് പ്രധാന ബസ് സ്റ്റോപ്പുകളിൽ മാറ്റമുണ്ടാകും. ടി.വി.എസ്. റോഡ് വൺവേ ആകും. ഈ റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാർക്കിങ് നിരോധിച്ചു. റോഡിലെ വെള്ളവരയ്ക്കിപ്പുറമായി റോഡിലേക്ക് കയറ്റി വാഹനങ്ങൾ പാർക്കുചെയ്യാൻ പാടില്ല. ടൗൺ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ കയറ്റിറക്കജോലികൾ രാവിലെ എട്ട് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5.30 വരെയും ഒഴിവാക്കണം. പുൽപ്പേൽ ടെക്സ്റ്റൈൽസിന് മുൻവശം മുതൽ ടി.വി.എസ്. റോഡ് വരെ വാഹനങ്ങൾ 10 മിനിറ്റിൽ അധികം പാർക്കു ചെയ്യാൻ അനുവദിക്കില്ല. കാഞ്ഞിരപ്പള്ളി - തമ്പലക്കാട് റോഡിൽ വലതു വശത്ത് മാത്രമാകും പാർക്കിങ്. ഗതാഗത പരിഷ്കാരങ്ങൾ നടത്തുന്നതിനു മുൻപായി ബോർഡുകളും മറ്റ് സിഗ്നൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.
ബസ് സ്റ്റോപ്പുകൾ മാറുന്നതിങ്ങനെ :
- കുരിശുകവലയിൽ കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകൾ വെയിറ്റിങ് ഷെഡിന് മുൻപിലായി നിർത്തും.
- കുരിശുകവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ പോസ്റ്റ് ഓഫീസിന് മുൻഭാഗത്തെ ബസ് സ്റ്റോപ്പിൽനി ന്നു 30 മീറ്റർ മുന്നോട്ട് മാറ്റിനിർത്തും.
- കുരിശുകവലയിൽ മണിമല, ചേനപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ വഴിയിടം കെട്ടിടത്തിന് മുൻപിൽ നിർത്തും.
- പേട്ടക്കവലയിൽ കിഴക്കുഭാഗത്തേക്കുള്ള ബസുകൾ അമീൻ ബേക്കറിയുടെ മുൻപിലായി നിർത്തും.
- പേട്ടക്കവലയിൽ പടിഞ്ഞാറു ഭാഗത്തേക്കുള്ള ബസുകൾ അലീന ഗിഫ്റ്റ് ഹൗസിന് മുൻഭാഗത്ത് നിർത്തും.
- ഈരാറ്റുപേട്ട ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിക്ക് വരുന്ന ബസുകൾ മുത്തൂറ്റ് ബാങ്കിന് മുൻഭാഗത്തായി നിർത്തും.
- കാഞ്ഞിരപ്പള്ളിയിൽനിന്നും തമ്പലക്കാട്ടേക്ക് പോകുന്ന ബസുകൾ പുത്തനങ്ങാടി ഭാഗത്ത് ജനത ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ എതിർവശത്തായി നിർത്തും.
മറ്റ് പ്രധാന മാറ്റങ്ങൾ:
- അക്കരപ്പള്ളി പാർക്കിങ് മൈതാനത്തുനിന്ന് വാഹനങ്ങൾ റോഡിന്റെ ഇടതുവശംകൂടിമാത്രം കെ.കെ. റോഡിലേക്ക് പ്രവേശിക്കണം. വലതുവശത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടത്തേക്ക് ഇറങ്ങി പേട്ടക്കവലയിൽ യുടേൺ എടുത്തു പോകണം.
- കിഴക്കു ഭാഗത്തുനിന്നും ഈരാറ്റുപേട്ട ഭാഗത്തുനിന്നും അക്കരപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഈരാറ്റുപേട്ട റോഡുവഴി അക്കരപ്പള്ളിയിലേക്ക് കയറണം.
- ബസ് സ്റ്റാൻഡിനുള്ളിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത്.
- പേട്ടക്കവല മുതൽ പൂതക്കുഴി വരെയുള്ള റോഡിലെ ആക്രിക്കച്ചവടം, വഴിയോര കച്ചവടം മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കും.
- കാഞ്ഞിരപ്പള്ളി വഴി കടന്നുപോകുന്ന എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാർക്കും ഐ.ഡി. കാർഡ് നിർബന്ധമാക്കും.
നിയമംലംഘിച്ചാൽ പിടിവീഴും:
പട്ടണത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ പിഴശിക്ഷയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ പ്രധാന സ്ഥലങ്ങളായ 26-ാം മൈൽ, പേട്ടക്കവല, പുത്തനങ്ങാടി, കുരിശുകവല എന്നിവിടങ്ങളിൽ സി.സി. ക്യാമറകൾ സ്ഥാപിച്ച് പോലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ലഭ്യമാക്കി നിരീക്ഷിക്കും.









