ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ജീവകാരുണ്യ രംഗത്ത് നിസ്തുല സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സേവന പാതക്ക് കരുത്തായി പുതിയൊരു ആംബുലൻസ് കൂടി. ഈരാറ്റുപേട്ട ഫെഡറൽ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് സി.എസ്.ആർ ഫണ്ടിൽ നിന്നും കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കരുണ അഭയകേന്ദ്രം അങ്കണത്തിൽ നടന്നു.
ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് നിഷ കെ. ദാസ് കരുണ ചെയർമാൻ എൻ.എ.എം. ഹാറൂന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഫെഡറൽ ബാങ്ക് ഭാരവാഹികളായ രാജേഷ് ജേക്കബ് (റീജിയണൽ ഹെഡ്, പാലാ), സിയാദ് എം.എസ് (ഇൻസ്പെക്ഷൻ വിഭാഗം വൈസ് പ്രസിഡന്റ്), മാത്യു പോൾ(ബാഞ്ച് ഹെഡ്, ഈരാറ്റുപേട്ട), ഫായിസ (മാനേജർ) എന്നിവർ സംസാരിച്ചു.കരുണ എക്സിക്യുട്ടിവ് കമ്മറ്റി അംഗം കെ.കെ. സാദിഖ് സ്വാഗതവും മാനേജർ കെ.പി. ബഷീർ നന്ദിയും പറഞ്ഞു.









