ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് (എൻ. ആനന്ദ്), ജോയിന്റ് സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്. ഇതോടെ, നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾക്ക് പോലീസ് വേഗമേകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ടി.വി.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അപകടം നടന്നയുടൻ നേതാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ദുരന്തത്തിൽ പാർട്ടി ദുഃഖം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയവരെ വെറുതെ വിടാനാകില്ല. ഈ അപകടം ലോകം മുഴുവൻ കണ്ടതാണ്," എന്നും ഹൈക്കോടതി പറഞ്ഞു. "സംഘാടകർ എന്ന നിലയിൽ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേ?" എന്നും കോടതി ടി.വി.കെയോട് ചോദിച്ചു.
കൂടാതെ, കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.









