ജനറൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി നടൻ, ഷംല ഹംസ നടി, മഞ്ഞുമ്മൽ ബോയ്സ് ചിത്രം

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്‌സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.

സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി.

മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ (എ.ആർ.എം).
മികച്ച ഗായിക: സെബ ടോമി (അംഅ).
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം.
മികച്ച ഗാനരചയിതാവ്: വേടൻ (മഞ്ഞുമ്മൽ ബോയ്‌സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).
പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.
മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ).
സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്.
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം)

മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, ജ്യോതിർമയി, ഫാത്തിമ ഷംല, സുരഭി ലക്ഷ്‌മി എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ജൂറി ചെയർമാനായ പ്രകാശ് രാജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.